കൈനാട്ടി റെയില്‍വേ മേല്പാലം ഉദ്ഘാടനം ഇന്ന്; ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തം

വടകര: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം യാഥാര്‍ഥ്യമായ കൈനാട്ടി റെയില്‍വേ മേല്പാലം ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. വടകര-കുറ്റിയാടി റൂട്ടിലെ ഗതാഗതക്കുരുക്കിന് പരിഹാരമാവുന്ന മേല്പാലത്തില്‍ ചുങ്കം പിരിക്കാനുള്ള നീക്കത്തിനെതിരെ രൂപപ്പെട്ട പ്രതിഷേധം ഉദ്ഘാടനത്തോടെ ശക്തമാവുമെന്നാണ് സൂചനകള്‍. വിവിധ യുവജനസംഘടനകളും മറ്റും ചുങ്കം പിരിവിനെതിരെ സമരരംഗത്താണ്. ഉദ്ഘാടനച്ചടങ്ങില്‍ ഇത് സംഘര്‍ഷത്തിനിടയാക്കിയേക്കുമെന്ന ആശങ്കകാരണം സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. റൂറല്‍ എസ്.പി.യുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ക്രമീകരണങ്ങള്‍ വിലയിരുത്തി.
ചുങ്കം പിരിവിനൊപ്പം നിര്‍മാണത്തിലെ അശാസ്ത്രീയതയും ചോദ്യംചെയ്ത് വിവിധ സംഘടനകള്‍ രംഗത്തിറങ്ങി. നിര്‍മാണത്തിലെ പിഴവുകള്‍കൊണ്ടുമാത്രമാണ് പൂര്‍ത്തീകരിക്കുന്നത് വൈകാനും നേരത്തേ നിശ്ചയിച്ച തുകയില്‍നിന്ന് നിര്‍മാണച്ചെലവ് ഇരട്ടിയോളമാകാനും ഇടയാക്കിയതെന്നാണ് ആക്ഷേപം. 2010-ല്‍ നിര്‍മാണം ആരംഭിച്ച് 2012 മാര്‍ച്ച് 31-ന് പണി പൂര്‍ത്തിയാക്കുമെന്നാണ് കരാറുണ്ടാക്കിയിരുന്നത്. അന്ന് എട്ടുകോടി 36 ലക്ഷം രൂപയുടെ പദ്ധതിയാണ് നിര്‍മാണത്തിന് കണക്കാക്കിയത്. എന്നാല്‍ നിര്‍മാണത്തിലെ അപാകങ്ങള്‍ കാരണം 19 കോടി രൂപ ചെലവിടേണ്ടി വന്നു. പത്ത് കോടിയില്‍ താഴെ ചെലവായ മേല്പാലങ്ങള്‍ക്ക് ടോള്‍ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കത്തില്‍ നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ സര്‍ക്കാര്‍ തീരുമാനപ്രകാരം തന്നെ ടോള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും മെല്ലെപ്പോക്കുമാണ് നിര്‍മാണച്ചെലവ് കൂട്ടാനിടയാക്കിയതും ടോള്‍പിരിവിന് സാഹചര്യമൊരുക്കിയതും.
കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടന്നുപോകാന്‍ കഴിയാത്തവിധത്തിലുള്ള നിര്‍മാണമാണ് നടന്നതെന്നാണ് പ്രധാന ആക്ഷേപം. പൈലിങ്ങിലെ പിഴവ് കാരണം തുടക്കത്തില്‍ തന്നെ തൂണുകള്‍ പൊളിച്ചു മാറ്റേണ്ടി വന്നിരുന്നു. മേല്പാലത്തിന്റെ കിഴക്ക് വടക്ക് ഭാഗത്ത് സര്‍ക്കാര്‍ സ്ഥലമുണ്ടായിട്ടും അപകടകരമായ വളവുകളോടെ പാലമുണ്ടാക്കിയത് സംശയാസ്​പദമാണെന്ന്് വടകര ജാഗ്രതാ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. നാദാപുരം ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ മേല്പാലത്തിന്റെ മധ്യഭാഗത്ത് എത്തിയാല്‍ വളവുകാരണം മുകളിലേക്ക് കയറിവരുന്ന വാഹനങ്ങള്‍ കാണില്ല. ഇത് അപകടത്തിനിടയാക്കും. കൈനാട്ടി ജങ്ഷനിലേക്ക് നേരിട്ട് വാഹനങ്ങള്‍ ഇറങ്ങുന്നതും അപകടം വരുത്തും. കാല്‍നടയാത്രക്കാര്‍ക്ക് മേല്പാലത്തില്‍ സൗകര്യമില്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ചെങ്കുത്തായി നിര്‍മിച്ച ഫുട്പാത്തിലൂടെയാണ് കാല്‍നടയാത്രക്കാര്‍ പാലത്തിലേക്ക് കയറേണ്ടത്. ചെറുപ്പക്കാര്‍ക്കുപോലും ഈ വഴി കയറി പാലത്തിലൂടെ നടക്കാനാവില്ലെന്ന് ജാഗ്രതാ ഭാരവാഹികള്‍ പറഞ്ഞു.