തൊട്ടില്‍പ്പാലം ഡിപ്പോ നഷ്ടത്തിലേക്ക്‌

കക്കട്ടില്‍: ബസ്സുകള്‍ മിക്കതും കട്ടപ്പുറത്തായ തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി. സബ്ഡിപ്പോയില്‍ ഷെഡ്യൂള്‍സമയം പുനഃക്രമീകരിച്ച് ബസ്സുകള്‍ നഷ്ടത്തിലാക്കാന്‍ നീക്കമെന്ന് ആക്ഷേപം.
ജൂണ്‍ 28 മുതലാണ് സമയം പുനഃക്രമീകരിച്ചത്. രാവിലെ നാലിനും 4.30-നുമുള്ള കോഴിക്കോട്, ആറിന് പുറപ്പെടുന്ന മാനന്തവാടി, 6.20-നുള്ള കക്കയം, ഏഴിനുള്ള കോഴിക്കോട്, 10.30, 11.30, 7.45 തുടങ്ങിയ സമയങ്ങളിലുള്ള മാനന്തവാടി തുടങ്ങിയ ബസ്സുകളുെട സമയമാണ് പുനഃക്രമീകരിച്ചത്.
സ്വകാര്യ ബസ്സുകള്‍ക്ക് ലാഭം ഉണ്ടാക്കുന്ന തരത്തിലുള്ള സമയക്രമീകരണമാണ് വരുത്തിയതെന്നാരോപിച്ച് തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്. പുനഃക്രമീകരണത്തിനൊപ്പം റണ്ണിങ് സമയം കൂട്ടുകയും ചെയ്തിട്ടുണ്ട്. ഒരു കിലോമീറ്റര്‍ ഓടാന്‍ രണ്ടര മിനിറ്റാണ് പുതിയ റണ്ണിങ് ടൈം. ഇതുകാരണം കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ യാത്രക്കാര്‍ കയറുന്നില്ല. സ്വകാര്യ ബസ്സുകള്‍ മത്സരിച്ചോടി യാത്രക്കാരെ കൊണ്ടുപോവുകയും ചെയ്യുന്നു.
ഷെഡ്യൂള്‍ പോകുന്ന ജീവനക്കാരോട് ആലോചിക്കാതെയാണ് സമയക്രമീകരണമെന്നും പരാതിയുണ്ട്. 35 ബസ്സുകള്‍ ഉള്ള ഡിപ്പോയില്‍ ടയര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്‌സുകള്‍ ലഭിക്കാത്തതിനാല്‍ പകുതി ബസ്സുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ.