മോഷ്ടിച്ച തേങ്ങ വില്‍ക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

വാണിമേല്‍ : വിലങ്ങാട് മലയോര മേഖലയില്‍ മോഷ്ടിച്ച തേങ്ങ കടയില്‍ വില്‍ക്കുന്നതിനിടെ രണ്ടുപേര്‍ പിടിയിലായി.
വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ചാത്തുക്കുട്ടി, രാജന്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് പൊതിച്ച 70 തേങ്ങ പിടിച്ചെടുത്തു.
നരിപ്പറ്റ പാനോടന്റെ പറമ്പത്ത് മുകുന്ദന്റെ പരാതിയിലാണ് വളയം പോലീസ് നടപടി. കടയില്‍ തേങ്ങ വില്‍ക്കുന്നതിനിടെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
വിലങ്ങാട് മലയോരത്ത് കാര്‍ഷിക മോഷണം വ്യാപകമാകുന്നുവെന്ന് കഴിഞ്ഞ ദിവസം നിരവധി കര്‍ഷകര്‍ റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയിരുന്നു.