കക്കട്ടില്‍: കുളങ്ങരത്ത് പാറക്കുളത്തിന് സമീപം നാലു ദിവസമായി നിര്‍ത്തിയിട്ട ഒരു ലോഡ് കോഴി കുന്നുമ്മല്‍ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ പിടികൂടി. റംസാന് കാലത്ത് വിതരണത്തിന് അന്യസംസ്ഥാനത്തുനിന്ന് എത്തിയ കോഴിലോറി തിങ്കളാഴ്ച മുതല്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 25-ഓളം കോഴികള്‍ ചത്ത് പുഴുവരിച്ച് ദുര്‍ഗന്ധം വമിച്ചതോടെ സമീപവാസികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തിങ്കളാഴ്ച കാലത്ത് ലോറി ഉപേക്ഷിച്ച് ഡ്രൈവറും സഹായിയും സ്ഥലം വിടുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. പോലീസിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കോഴികളെ ശാസ്ത്രീയമായി സംസ്കരിക്കുകയും കോഴികളെ പഞ്ചായത്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കെഎല്‍10 എപി 6583 നമ്പറിലുള്ള ലോറി മലപ്പുറം മേല്‍മുറി, മേലെപ്പറമ്പത്ത് മുകേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.