കോരപ്പുഴ, മൂരാട് പാലങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: ദേശീയപാതയിലെ കോരപ്പുഴ പാലത്തില്‍ എല്ലാ വര്‍ഷവും നടത്തുന്ന ലക്ഷങ്ങള്‍ പൊടിച്ചുള്ള അറ്റകുറ്റ പണികള്‍ക്ക് ആയുസ്സിലാതാകുന്നു. രണ്ടു വര്‍ഷം മുമ്പ് വന്‍ തുക ചെലവഴിച്ച് നടത്തിയ ഉപരിതല സംരക്ഷണ പ്രവൃത്തിയും വെറുതെയായി. ഇപ്പോള്‍ പാലത്തിലുടനീളം കോണ്‍ക്രീറ്റ് വട്ടത്തില്‍ പൊട്ടി അടരുകയാണ്. ഇത് പാലത്തിന്റെ സുരക്ഷയ്ക്കും ഭീഷണിയാണ്.

ദേശീയപാതയിലെ ഈ ഇടുങ്ങിയ പാലത്തില്‍ എന്നും ഗതാഗതക്കുരുക്കാണ്. വാഹന ഗതാഗതം നിയന്ത്രിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനങ്ങളെല്ലാം താറുമാറായി. ട്രാഫിക് പോലീസ് ഇല്ലാത്ത നേരങ്ങളില്‍ ഇരു ഭാഗത്തു നിന്നും വാഹനങ്ങള്‍ പാലത്തിലേക്ക് കടക്കുന്നതോടെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ബുദ്ധിമുട്ടും. പാലത്തില്‍ പത്ത് മിനുട്ട് ഗതാഗതം സ്തംഭിച്ചാല്‍ വാഹനങ്ങളുടെ നീണ്ടനിര ഇരു ഭാഗത്തും രൂപം കൊള്ളും. സമാനമായ അവസ്ഥയാണ് മൂരാട് പാലത്തിലും.

1938-ല്‍ നിര്‍മ്മിച്ച കോരപ്പുഴ-മൂരാട് പാലങ്ങള്‍ പുതുക്കിപ്പണിയാന്‍ ഇതുവരെ നടപടികളൊന്നുമായില്ല. അന്ന് മദ്രാസ് ജില്ല റോഡ് വികസന ഫണ്ട് ഉപയോഗിച്ച് കാനന്‍ ആന്‍ഡ് ഡങ്കര്‍ലി കമ്പനി ലിമിറ്റഡ് നിര്‍മ്മിച്ചതാണ് ഈ രണ്ട് പാലങ്ങളും. മൂരാട് പാലത്തിന് 1,72,600 രൂപയും കോരപ്പുഴ പാലത്തിന് 2,84,600 രൂപയുമാണ് അന്ന് ചെലവായത്. 40 വര്‍ഷ കാലാവധിയോടെ ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയ അടിത്തറയുടെ ബലത്തിലാണ് കുതിച്ചോടുന്ന വാഹനങ്ങളെ 76-ാം വയസ്സിലും ഈ പാലങ്ങള്‍ താങ്ങുന്നത്. അത്രയൊന്നും വാഹനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് നിര്‍മ്മിച്ച ഈ പാലങ്ങളില്‍ രണ്ട് വാഹനങ്ങള്‍ക്ക് കഷ്ടിച്ച് പോകാനുള്ള വീതിയേയുള്ളൂ. ചരക്ക് ലോറികളിലും മറ്റും സാധനങ്ങള്‍ പുറത്തേക്ക് തള്ളി നില്‍ക്കുമെന്നതിനാല്‍ ഇപ്പോള്‍ ഒരു വശത്തേക്ക് ഒരു വാഹനത്തിന് മാത്രമേ പോകാനാകൂ.

ദേശീയപാതയിലെ ഈ രണ്ട് വീതികുറഞ്ഞ പാലങ്ങളും അടിയന്തരമായി പുതുക്കി പണിയണമെന്ന കോഴിക്കോട് ജില്ലയിലെ എം.എല്‍.എമാരുടെ നിരന്തരമായ ആവശ്യങ്ങളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ല. വടക്കന്‍ കേരളത്തില്‍ കോഴിക്കോടിനും കാസര്‍കോടിനുമിടയില്‍ ഏറ്റവും ഗതാഗതക്കുരുക്കുണ്ടാക്കുന്ന പാലങ്ങളാണിവ.

നിലവിലുള്ള കോരപ്പുഴപാലത്തിന് 40 മീറ്ററോളം പടിഞ്ഞാറ് പുതിയ പാലം നിര്‍മ്മിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. 50 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ പൂളാടിക്കുന്ന്-വെങ്ങളം ബൈപ്പാസിന്റെ ഭാഗമായി കോരപ്പുഴപാലത്തിന്റെ കിഴക്ക് ഭാഗത്ത് മറ്റൊരു പാലം വരുന്നുണ്ടെന്ന് പറഞ്ഞു ബദല്‍ പാലത്തിന്റെ സാധ്യതകള്‍ കെടുത്തുകയാണ്. എന്നാല്‍ കോഴിക്കോട് മുതല്‍ കൊയിലാണ്ടി വരെയുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഏക പാതയായതിനാല്‍ കോരപ്പുഴ പാലത്തന് ബദല്‍ പാലം നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് സര്‍ക്കാറിന്റെ ഇച്ഛാശക്തിയാണ് വേണ്ടത്.