ജനമൈത്രി പോലീസ് തുണയായി; കുഞ്ഞാമി ഹജ്ജുമ്മക്ക് ആശ്വാസം

നാദാപുരം: ഒരു വര്‍ഷത്തോളമായി ബന്ധുക്കള്‍ കൈയൊഴിഞ്ഞ് വീട്ടില്‍ തനിച്ച് രോഗിയായി കഴിയുന്ന വൃദ്ധക്ക് നാദാപുരം ജനമൈത്രി പോലീസ് തുണയായി. കുമ്മങ്കോട് ബദരിയ മസ്ജിദിനു സമീപം നരന്തയില്‍ കുഞ്ഞാമി ഹജ്ജുമ്മക്കാണ് ബന്ധുക്കളുടെ അവഗണനയാല്‍ വീട്ടില്‍ തനിച്ചു താമസിക്കേണ്ടി വന്നത്. നേരത്തെ ഭര്‍ത്താവ് മരിച്ചുപോയ ഇവര്‍ക്ക് മക്കളില്ലായിരുന്നു. ഏക്കറുകണക്കിന് സ്വത്തിന്റെ ഉടമയായ ഇവര്‍ സ്വത്തുമുഴുവന്‍ സഹോദര പുത്രന്‍മാര്‍ക്കായി വീതിച്ചു നല്‍കിയിരുന്നു. എന്നാല്‍ ഇവരാരും കുഞ്ഞാമി ഹജ്ജുമ്മയെ നോക്കാന്‍ തയ്യാറായില്ലെന്നു പറയുന്നു.

നാദാപുരം ജനമൈത്രി പോലീസാണ് ഇവരെ വടകരയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിചരിക്കാന്‍ കൂടെയുള്ളത് അന്ത്രു എന്ന ഒരു സഹോദര പുത്രനും മറ്റു ബന്ധുക്കളുമാണ്. ഇവര്‍ നോക്കാനാരുമില്ലാതെ വീട്ടില്‍ തനിച്ചായിരുന്നെന്നും വേണ്ടവിധത്തില്‍ പരിചരിച്ചില്ല എന്നുമുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് അന്ത്രു പറഞ്ഞു. താനെപ്പോഴും കൂടെ ഉണ്ടണ്ടാകാറുണ്ടെന്നും ജോലിക്കാരുടെ കൂലി കൊടുക്കാന്‍ വേണ്ടി പുറത്തുപോയ സമയത്താണ് പോലീസും മറ്റുള്ളവരും എത്തിയതെന്നും ഇയാള്‍ പറഞ്ഞു.

നാലുവര്‍ഷം മാത്രമാണ് കുഞ്ഞാമി ഹജ്ജുമ്മ കിടപ്പിലായത്. കഴിഞ്ഞ മൂന്നു വര്‍ഷവും മറ്റൊരു സഹോദര പുത്രന്റെ വീട്ടില്‍ എല്ലാവിധ പരിചരണങ്ങളും നല്‍കിവരികയായിരുന്നു. പിന്നീട് ഇവരുടെ വാശിക്ക് വഴങ്ങി ഒരു വര്‍ഷം മുന്‍പ് ആരുമില്ലാതിരുന്ന തറവാട് വീട്ടിലേക്ക് മാറുകയായിരുന്നു. അന്നുമുതല്‍ സദാസമയവും താന്‍ കൂട്ടിനുണ്ടണ്ടായിരുന്നുവെന്നും അന്ത്രു പറഞ്ഞു. എന്നാല്‍ കുഞ്ഞാമി ഹജ്ജുമ്മയുടെ ബന്ധുക്കളായ സഹോദര പുത്രന്മാര്‍ തമ്മില്‍ വിദേശത്തെ ബിസിനസ് സംബന്ധമായ ഒരു പണമിടപാട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും അത് സംബന്ധമുള്ള ചില പ്രശ്‌നങ്ങളും ഈ സംഭവത്തിന് പിന്നിലുണ്ടാവാമെന്നും ബന്ധുക്കളില്‍ ഒരു വിഭാഗം സംശയം പ്രകടിപ്പിച്ചിട്ടുണ്ട്