കൈവേലി, കൊയ്യാല്‍ റോഡുകള്‍ തകര്‍ന്നു; ഗതാഗതം ദുഷ്‌കരം

കക്കട്ടില്‍: നാദാപുരം നിയോജകമണ്ഡലത്തിലെ കക്കട്ടില്‍-കൈവേലി, നരിപ്പറ്റ-കൊയ്യാല്‍ റോഡുകള്‍ തകര്‍ന്നു.
കുന്നുമ്മല്‍, നാദാപുരം, നരിപ്പറ്റ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന നരിപ്പറ്റ-കൊയ്യാല്‍ റോഡ് കാല്‍നടപോലും പറ്റാതെ കുണ്ടും കുഴിയുമായി ചെളിവെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയിലാണ്. കുറ്റിയാടി-നാദാപുരം സംസ്ഥാന പാതയില്‍നിന്ന് റോഡിലേക്ക് പ്രവേശിക്കുന്നിടത്തുതന്നെ വന്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്.
കക്കട്ടില്‍-കൈവേലി റോഡിന്റെ അവസ്ഥയും ഇതുതന്നെയാണ്. വര്‍ഷങ്ങളായി രണ്ട് റോഡിലും അറ്റകുറ്റപ്പണി നടന്നിട്ടില്ല. ത്വരിത ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ കൂറ്റന്‍ പൈപ്പുകള്‍ കക്കട്ടില്‍-കൈവേലി റോഡിന്റെ ഇരുവശങ്ങളിലും ഇറക്കിവെച്ചത് തകര്‍ന്നുകിടക്കുന്ന റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിനിടയാക്കുന്നുണ്ട്. വളവുകളിലും മറ്റും ഇറക്കിവെച്ച പൈപ്പുകളുടെ മറവു കാരണം എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ കാണാത്ത സ്ഥിതിയുണ്ട്. ഇതിനിടയില്‍ റോഡിലെ കുഴി വെട്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇരുചക്രവാഹന യാത്രികര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുന്നത്.